22.8.13

കൃഷ്ണാ നീയെന്നെ അറിയില്ലാ... : Sugatha Kumari


ഇവിടെയമ്പാടിതന്നൊരു കോണി-

ലരിയ മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം..

കൃഷ്ണാ.. നീയെന്നെയറിയില്ലാ..(2)

 

ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന കാല്‍

തളകള്‍ കള ചിഞ്ചിതം പെയ്കെ..

അരയില്‍ തിളങ്ങുന്ന കുടവുമായ്

മിഴികളില്‍ അനുരാഗമഞ്ജനം ചാര്‍ത്തീ..

ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുമ്പി

ലൊരുനാളുമെത്തിയിട്ടില്ലാ..

കൃഷ്ണാ.. നീയെന്നെ അറിയില്ലാ...

 

ചപലകാളിന്ദിതന്‍ കുളിരലകളില്‍-

പാതി മുഴുകി നാണിച്ചു മിഴി കൂമ്പി..

വിറപൂണ്ടകൈനീട്ടി നിന്നോടു ഞാനെന്റെ

ഉടയാട വാങ്ങിയിട്ടില്ലാ..

കൃഷ്ണാ നീയെന്നെ അറിയില്ലാ...

 

കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍

നീയോടക്കുഴല്‍ വിളിക്കുമ്പോള്‍..

പണിയുമുഴുമിക്കാതെ, പൊങ്ങിത്തിളച്ചു

പാലൊഴുകി മറിയുന്നതോര്‍ക്കാതെ..,

വിടുവേല തീര്‍ക്കാതെ, ഉടുചേല കിഴിവതും

മുടിയഴിവതും കണ്ടിടാതെ,

കരയുന്ന പൈതലെ പുരികം ചുളിക്കുന്ന

കണവനെ കണ്‍നിലറിയാതെ,

എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍

വല്ലവികളൊത്തു നിന്‍ ചാരെ..

കൃഷ്ണാ നീയെന്നെ അറിയില്ലാ...

 

അവരുടെ ചിലമ്പൊച്ച അകലെമാഞ്ഞീടവേ

മിഴിതാഴ്ത്തി ഞാന്‍ തിരികെ വന്നൂ..

എന്റെ ചെറുകുടിലില്‍, നൂറായിരം പണികളില്‍

എന്റെ ജന്മം ഞാന്‍ തളച്ചു..

കൃഷ്ണാ.. നീയെന്നെറിയില്ലാ...

 

നീ നീലചന്ദ്രനായ് നടുവില്‍ നില്‍ക്കെ

ചുറ്റുമാലോലമാലോലമിളകീ..

ആടിയും... ഗോപസുന്ദരികള്‍ തന്‍
ലാസ്യമോടികളുലാവിയൊഴുകുമ്പോള്‍..

കുസൃതിനിറയും നിനന്റെ കുഴല്‍ വിളിയുടല്‍

മദ ദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍

കിലുകിലെ ചിരിപൊട്ടി ഉണരുന്ന കാല്‍ത്തളകള്‍

കലഹമോടിടഞ്ഞു ചിതറുമ്പോള്‍

തുകില്‍ ഞൊറികള്‍ പൊന്‍മിഴികള്‍...

തരിവണിയണിക്കൈകള്‍

മഴവില്ലുചൂഴിവീശുമ്പോള്‍ ..

അവിടെ ഞാന്‍ മുഴിയഴിഞ്ഞടിമലര്‍ കുലകൊഴി-

ഞ്ഞൊരുനാളുമാടിയിട്ടില്ലാ..

കൃഷ്ണാ.. നീയെന്നെ അറിയില്ലാ..

 

നടനമാടിത്തളര്‍ന്നങ്കങ്ങള്‍ തൂവേര്‍പ്പു പൊഴിയവേ

പൂമരം ചാരിയിളകുന്ന മാറില്‍ കിതപ്പോടെ

നിന്മുഖം കൊതിയാര്‍ന്നു നോക്കിയിട്ടില്ലാ..

കൃഷ്ണാ... നീയെന്നെ അറിയില്ലാ...

 

മിഥുനായ്? തോഴിവന്നെന്‍ പ്രേമ ദുഃഖങ്ങള്‍

അവിടുത്തോടോതിയിട്ടില്ലാ.

തരള  മിഥിനത്തില്‍? ലതാനികുഞ്ചത്തില്‍

വെണ്മലരുകള്‍ മദിച്ചുവിടരുമ്പോള്‍..

അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു

ചകിതയായ് വാണിട്ടുമില്ലാ..

കൃഷ്ണാ... നീയെന്നെ അറിയില്ലാ..

 

ഒരുനൂറു നൂറു വനകുസുമങ്ങള്‍ തന്‍

ധവള ലഹരിയൊഴുകും കുളുര്‍ നിലാവില്‍

ഒരുനാളുമാനീല വിരിമാറില്‍ ഞാനെന്റെ

തലചായ്ച്ചു നിന്നിട്ടുമില്ലാ..

കൃഷ്ണാ.. നീയെന്നെ അറിയില്ലാ..

 

പോരൂ.. വസന്തമായ്.. പോരൂ വസന്തമായ്..

നിന്റെ കുഴല്‍, പോരൂ വസന്തമായ്

എന്നെന്റെ അന്തരംഗത്തിലല ചേര്‍ക്കേ..

ഞാനെന്റെ പാഴ്ക്കുടിലടച്ചു തഴുതിട്ടി-

രുന്നാനന്ദബാഷ്പം പൊഴിച്ചു..   

ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍

വച്ചാത്മാവ് കൂടിയര്‍ച്ചിച്ചു..

കൃഷ്ണാ.. നീയെന്നെ അറിയില്ലാ..

 

കരയുന്നു ഗോകുലം മുഴുവനും.. 2

കൃഷ്ണ, നീ മഥുരയ്ക്കു പോകുന്നുവത്രേ..

പുല്‍ത്തേരുമായ് നിന്നെയാനായിക്കാന് ക്രൂരന്‍

അക്രൂരന്‍ വന്നെത്തിയത്രേ..

 

ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍

എന്റെ യുമ്മറത്തിണ്ണയിലിരിക്കെ..

രഥചക്രഘോഷം കുളമ്പൊച്ച .. ! 2

ഞാനെന്റെ മിഴിപൊക്കി നോക്കിടും നേരം..

നൃതചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരില്‍ നീ

നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു..

കരയുന്നു കൈനീട്ടി ഗോപിമാര്‍, കേണുനിന്‍

പിറകേ കുതിക്കുന്നു പൈക്കള്‍..

 

തിരുമിഴികള്‍ രണ്ടും കലങ്ങിച്ചുവന്നു നീ

അവരെ തിരിഞ്ഞു നോക്കുന്നു..

 

ഒരു ശിലാബിംബമായ് മാറി ഞാന്‍

മിണ്ടാതെ കരയാതനങ്ങാതിരിക്കെ,

മിണ്ടാതെ കരയാതനങ്ങാതിരിക്കെ

അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ

നിന്‍ രഥമെന്റെ കുടിലിന്നു മുന്നില്‍

ഒരു മാത്ര നില്‍ക്കുന്നു...

കണ്ണീര്‍ നിരഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു

കരുണയാലാകെത്തളര്‍ന്നൊരാ

ദിവ്യമാംസ്മിതമെനിക്കായി നല്‍കുന്നു..

കൃഷ്ണാ... നീ അറിയുമോ എന്നെ...?!!! 2

No comments: